ബാബുരാജ് ഈണം പകർന്ന ഗാനങ്ങൾ ഹൃദ്യമായി ആലപിച്ചതിനൊപ്പം അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നുള്ള അധികമാർക്കും അറിയാത്ത അനുഭവങ്ങളുടെ ഏടുകളും രതീഷ്‌കുമാർ പങ്കുവെച്ചത് സദസ്സിന് നവ്യാനുഭവമായി.
സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ആറാം ദിവസമായ വ്യാഴാഴ്ച രാത്രി കലക്ടറേറ്റ് മൈതാനത്തെ പ്രത്യേകവേദിയിൽ പെയ്തിറങ്ങിയത് മൺമറഞ്ഞ സംഗീതപ്രതിഭ എം.എസ്. ബാബുരാജിന്റെ ഓർമകൾ. പ്രശസ്ത പിന്നണിഗായകൻ രതീഷ്‌കുമാർ പല്ലവിയാണ് ആസ്വാദകർക്ക് ഏറെ പ്രിയപ്പെട്ട ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് 'ബാബുരാജ് നൈറ്റ്' ഒരുക്കിയത്. തലമുറകൾ നെഞ്ചിലേറ്റിയ ഗാനങ്ങൾ ആസ്വദിക്കാൻ പഴയതലമുറയിൽപെട്ടവർക്കൊപ്പം പുതുതലമുറക്കാരും സദസ്സിൽ സജീവമായപ്പോൾ സംസ്ഥാന സർക്കാറിന്റെ വാർഷികാഘോഷങ്ങളുടെ ആറാംരാവ് അക്ഷരാർത്ഥത്തിൽ സംഗീതപ്രേമികളുടെ സ്വന്തം 'ബാബുക്ക'യ്ക്കുള്ള ആദരമായി. ബാബുരാജ് ഈണം പകർന്ന ഗാനങ്ങൾ ഹൃദ്യമായി ആലപിച്ചതിനൊപ്പം അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നുള്ള അധികമാർക്കും അറിയാത്ത അനുഭവങ്ങളുടെ ഏടുകളും രതീഷ്‌കുമാർ പങ്കുവെച്ചത് സദസ്സിന് നവ്യാനുഭവമായി.
പഴയതലമുറയെ ഗൃഹാതുരതയിലേക്ക് കൈപിടിച്ചുകൊണ്ടുപോയ 'ബാബുരാജ് നൈറ്റ്' പുതുതലമുറയ്ക്ക് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഗാനങ്ങളെയും അടുത്തറിയാനുള്ള അവസരം കൂടിയായിരുന്നു. ഓരോ ഗാനത്തെയും നിറഞ്ഞ കരഘോഷത്തോടെയാണ് കലക്ടറേറ്റ് മൈതാനത്ത് ഒത്തുകൂടിയ സംഗീതപ്രേമികൾ ആസ്വദിച്ചത്. രതീഷ് കുമാറിന്റെ ആലാപനത്തോടൊപ്പം സംഗീതോപകരണങ്ങളുടെ മാന്ത്രികതയെയും ആസ്വാദകർ ഏറ്റെടുത്തു. ബാബുരാജ് നൈറ്റിൽ പ്രദീപ് തലശ്ശേരി തബലയും റസാഖ് കരിവെള്ളൂർ ഹാർമോണിയവും വായിച്ചു. കൃഷ്ണകുമാർ തലശ്ശേരിയുടെ ഗിറ്റാറും ുധാകരൻ കണ്ണൂരിന്റെ റിഥം പാഡും പാർട്ടുകളെ കൂടുതൽ ആസ്വാദ്യമാക്കി.
ഒരു പുഷ്പം മാത്രം, ഇന്നലെ മയങ്ങുമ്പോൾ, കൺമണി നീയെൻ കരം പിടിക്കാൻ, പഞ്ചവർണ്ണതത്തപോലെ.... തുടങ്ങി ജനഹൃദയങ്ങൾ കീഴടക്കിയ നിരവധി ഗാനങ്ങൾ ബാബുരാജ് നൈറ്റിൽ ആലപിച്ചു.