News

മലയാളസംഗീതത്തിന്റെ മരുപ്പച്ചയൊരുക്കി....

മണലാരണ്യത്തിൽ മലയാളസംഗീതത്തിന്റെ മരുപ്പച്ചയൊരുക്കുകയാണ് രതീഷ് പാപ്പിനിശ്ശേരി.  യു.എ.ഇ. കേന്ദ്രമായ റേഡിയോ ഏഷ്യ 1269 എ.എം. പ്രോഗ്രാം പ്രൊഡ്യൂസറായിപ്രവർത്തിക്കുന്ന ഇദ്ദേഹം മലയാളത്തിന്റെ മണം പൊഴിയുന്ന പരിപാടി അവതരിപ്പിച്ചാണ് പ്രവാസികൾക്ക് പ്രിയങ്കരനാകുന്നത്.

മണലാരണ്യത്തിൽ മലയാളസംഗീതത്തിന്റെ മരുപ്പച്ചയൊരുക്കുകയാണ് രതീഷ് പാപ്പിനിശ്ശേരി.  യു.എ.ഇ. കേന്ദ്രമായ റേഡിയോ ഏഷ്യ 1269 എ.എം. പ്രോഗ്രാം പ്രൊഡ്യൂസറായിപ്രവർത്തിക്കുന്ന ഇദ്ദേഹം മലയാളത്തിന്റെ മണം പൊഴിയുന്ന പരിപാടി അവതരിപ്പിച്ചാണ് പ്രവാസികൾക്ക് പ്രിയങ്കരനാകുന്നത്.

പാട്ടിന്റെ പത്മതീർത്ഥം ഒരുക്കുന്ന സംഗീതവർഷം, മാപ്പിളപ്പാട്ടുകൾ കോർത്തിണക്കി ഇശൽ മെഹർജാൻ, എന്നിവ പ്രവാസലോകത്തിലെ സൂപ്പർഹിറ്റ് റേഡിയോ റിയാലിറ്റി ഷോകളാണ്.  പ്രവാസികള മത്സരിക്കുന്ന ഇവ രണ്ടും ലോകത്തിലെ ആദ്യത്തെ റേഡിയോ റിയാലിറ്റി ഷോ എന്ന നിലയിലും വിഖ്യാതം.  ഫോൺ വഴിയാണ് യു.എ.ഇ. മലയാളികൾ മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.  മികച്ച പ്രകടനത്തിലൂടെ അവസാന റൗണ്ടിൽ എത്തുന്ന എട്ടുപേരെ ഉൾപ്പെടുത്തി പൊതുവേദിയിലാണ് ഫൈനൽറൗണ്ട്.  ഒന്നാംസ്ഥാനം നേടുന്നവർക്ക് അഞ്ചുലക്ഷം രൂപയും നിരവധി സമ്മാനങ്ങളും നേടാം.  സംഗീതവർഷത്തിന്റെ ഏഴ് എഡിഷനുകൾ ഇതിനകം പൂർത്തിയായി.  മലയാളത്തിലെ അനശ്വരഗാനങ്ങൾക്കാണ് പ്രാമുഖ്യം.  

മരുഭൂമിയിൽ ജീവിതം കരുപ്പിടിപ്പിക്കാൻ പാടുപെടുന്നവരാണ് റേഡിയോ ഏഷ്യയുടെ പ്രേക്ഷകരിൽ ഭൂരിഭാഗവും.  മലയാളപരിപാടിക്ക് പ്രാധാന്യം നൽകുന്നതിനാൽ തൊഴിലിടങ്ങളിൽ മുഴുവൻ സമയവും റേഡിയോ ഓൺ ചെയ്ത് പരിപാടി ആസ്വദിക്കുന്നവരുമുണ്ട്.  സംഗീതപരിപാടിക്കൊപ്പം വൈവിധ്യമാർന്ന കലാപവിരുന്നും രാഷ്ട്രീയസംവാദങ്ങളും പ്രക്ഷേപണം ചെയ്യുന്നു.

സംഗീതസംവിധായകൻ എം. ജയചന്ദ്രന്റെ നിർദ്ദേശത്തിലാണ് റാസൽഖൈമ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റേഡിയോ ഏഷ്യയുടെ പ്രോഗ്രാം പ്രൊഡ്യൂസറായി രതീഷ് ചുമതലയേൽക്കുന്നത്. അമൃത ടിവിയിലെ സൂപ്പർസ്റ്റാർ ഗ്ലോബൽ റിയാലിറ്റിഷോ ഫൈനൽറൗണ്ടിലെ മികവുറ്റ പ്രകടനത്തെ തുടർന്നാണിത്.   ഇവർ വിവാഹിതരായാൽ എന്ന ചിത്രത്തിൽ 'പാഴ്മുളം തണ്ടിൽ' എന്ന ഗാനം പാടാനുള്ള അവസരവും ഇതുവഴിയുണ്ടായി.  പാപ്പിനിശ്ശേരിയിലെ സി.പി. ചന്ദ്രൻ- വസന്തകുമാരി ദമ്പതികളുടെ മകനായ രതീഷ് വിദ്യാഭ്യാസകാലത്തുതന്നെ കലാരംഗത്ത് സജീവമായി.  തുടർച്ചയായി എട്ടുവർഷം പാപ്പിനിശ്ശേരി സബ്ജില്ലാ കലാപ്രതിഭയായി.  പ്ലസ് ടു പഠനകാലത്ത് രണ്ടുവർഷം ജില്ലാ പ്രതിഭയായും തിളങ്ങി.  കേരളോത്സവത്തിൽ മൂന്നുവർഷം ജില്ലാ പ്രതിഭാപട്ടം സ്വന്തമാക്കി.  ലളിതഗാനം, കവിതാപാരായണം, ശാസ്ത്രീയസംഗീതം, കഥാപ്രസംഗം, നാടകം, സംഘഗാനം തുടങ്ങി മിക്ക ഇനങ്ങളിലും മത്സരിച്ച് സമ്മാനം നേടിയ രതീഷ് രണ്ടാംക്ലാസ്സ് മുതൽ ശാസ്ത്രീയസംഗീതപഠനം തുടങ്ങി. ബാലസംഘം വേനൽതുമ്പി, പുരോഗമനകലാസാഹിത്യസംഘം ഗായകസംഘം എന്നിവയിൽ പ്രവർത്തിച്ചിരുന്നു. പ്രാദേശിക ചാനലുകളിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചും ശ്രദ്ധേയനായി.

  • Pallavi Musics

  • Pallavi Dance

Loading